Sunday, May 22, 2011

പര്യാവര്‍ത്തം...

വഴികളില്‍ ഞാന്‍ തിരയുമീദീപ-
നാളമിനി നാളെയുണരുകില്ലാ
വഴിവിളക്കോരത്തു ശാന്തമായ് പാടുമാ
കാര്‍മുകില്‍ക്കുയിലുമിനി പാടുകില്ലാ
തിങ്കളുണരുകില്ലിനിയാര്‍ക്കുമുള്‍ക്കാഴ്ച നല്‍കുവാന്‍
കരിമ്പടക്കാഴ്ച മറച്ചുവെല്ലാം
വീശുന്ന തെന്നലില്‍ നിറയുന്ന ശീല്‍ക്കാരം
കണ്ണുനീരുപ്പിന്‍റെ തപനസത്യം
തെരുവിലെക്കീറിയൊരക്കഞ്ചുകം കണ്ടു
നിലവിളിച്ചൊരു പൈതല്‍ കെഞ്ചിടുന്നു
കാര്‍ക്കിച്ചു തുപ്പുമീ പേക്കോല ജീവിതം
കാട്ടാളമാനുഷാ തിന്നു കൊള്‍ക
നിദ്രയില്‍ നീ തന്ന സ്വപ്നങ്ങളൊക്കെയും
നിത്യവും കണ്ണുനീര്‍ മാത്രമേകി
സത്യത്തിനേറ്റം ജയിയ്ക്കുവാനാകില്ല
സത്യവും ധര്‍മ്മവും വാഴുകില്ലാ...
നവയുഗസ്സന്ധ്യകള്‍ക്കുദയമില്ലിനിയിവിടെ-
യൊരു തത്ത്വദര്‍ശിയും വരികയില്ലാ
നിലയുള്ള ബന്ധവും, തിരകളില്‍ സന്ധ്യയും
വഴി മാറി നില്‍ക്കുമീ വര്‍ത്തമാനം
എവിടെയോ പാടിപ്പറന്നൂ പനങ്കിളിയു-
മിനി തീയകം പൂകുമോര്‍മ്മയേകി
അരുത്, വെട്ടിപ്പിടിയ്ക്കണ്ടയിവിടെയി-
ച്ചുടലയാമീ ഭൂമിയഭിതര്‍പ്പണം... വെറുമൊരശാന്ത കേന്ദ്രം...